എച്ച്-1 ബി വിസ യിൽ അഴിച്ചു പണികൾ, 5 ലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങേണ്ടതായിവരും

എച്ച്-1 ബി വിസ യിൽ അഴിച്ചു പണികൾ നടത്താൻ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് എച്ച്-1 ബി വിസ യിൽ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച് മൂന്ന് വര്‍ഷം കാലാവധിയിലാണ് എച്ച്-1 വിസ അനുവദിക്കുന്നത്. പിന്നീട് മൂന്ന് വര്‍ഷം കൂടി പരിധി നീട്ടുകയും ചെയ്യാം. ഇങ്ങനെ ആറ് വര്‍ഷം അമേരിക്കയില്‍ താമസിക്കാന്‍ സാധിക്കും. ഈ കാലയളവിൽ സ്ഥിര താമസത്തിന് അപേക്ഷ നല്‍കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ താമസം വീണ്ടും തുടരാം. സ്ഥിരതാമസ അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ എച്ച്-1 ബി വിസയില്‍ താമസിക്കാമെന്ന് ചുരുക്കം. ഈ നിയമത്തിലാണിപ്പോള്‍ ട്രംപ് ഉടക്കിട്ടിരിക്കുന്നത്.

2016ല്‍ തിരഞ്ഞെടുപ്പ് സമയത്തു് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഈ വിസയില്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കേണ്ടി വരും.

ഒരു തവണ എച്ച്-1ബി വിസയില്‍ അമേരിക്കയിലെത്തുന്നവര്‍ 10-12 വര്‍ഷത്തോളം അവിടെ താമസിക്കുന്ന അവസ്ഥയാണുള്ളത്. അതില്ലാതാക്കുകയാണ് ട്രംപിന്റെ നീക്കം. സ്ഥിരം താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുകള്‍ക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെങ്കിലും എച്ച്-1 ബി വിസയുടെ കാലാവധി കഴിഞ്ഞാല്‍ അമേരിക്കക്ക് പുറത്തുപോകേണ്ടി വരും. ഗ്രീന്‍കാര്‍ഡ് അപേക്ഷയുടെ നടപടികള്‍ തീരുന്നത് വരെ അമേരിക്കയില്‍ നില്‍ക്കാമെന്ന മുന്‍ ഇളവ് ഇനിയുണ്ടാകില്ല.